കാൽപ്പന്തിലെ ലോക യുദ്ധത്തിന് ഈ മാസം ഖത്തറിൽ കിക്കോഫ് വിസിൽ മുഴങ്ങാനിരിക്കെ പത്തു കാശു കീശയിൽ വരുന്ന ആഹ്ലാദത്തിലാണ് ഇന്ത്യയിലെ ബിസിനസ് ലോകം.
മെസി, റൊണാൾഡോ, നെയ്മാർ, എം ബാപെ, ലെവൻഡോവ്സ്കി തുടങ്ങിയ ആഗോള താരങ്ങളുടെ ഫാൻ ജഴ്സികൾക്കായി ആരാധകർ ഇടിച്ചു കയറുമ്പോൾ ആഹ്ലാദിക്കുന്നത് ഇന്ത്യയിലെ വമ്പൻ ടെക്സ്റ്റൽ ഹബ്ബായ തിരുപ്പൂർ. കോടിക്കണക്കിനു രൂപ മതിപ്പുള്ള ജഴ്സി , ഷോർട്സ് ശേഖരമാണു തിരുപ്പൂരിൽ നിന്നു ഖത്തറിലേക്കു പറക്കുന്നത്. ഇവ ശേഖരിച്ചു കയറ്റുമതി ചെയ്യുന്നവരിൽ ഏറെയും കേരളവും ഗൾഫ് രാജ്യങ്ങളും ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യാപാരി സമൂഹം. അങ്ങനെ, നേട്ടം കേരളത്തിനും. സൂപ്പർ താരങ്ങളുടെ ചിത്രം പതിച്ച തൊപ്പികൾക്കും മഗ് പോലുള്ള മെമന്റോകൾക്കും ആവശ്യമേറെ. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചാണ് അവ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നു ഖത്തറിലേയ്ക്ക് അയയ്ക്കുന്നത്. ആഭ്യന്തര വിപണിയിലും ബിസിനസ് പൊടിപൊടിക്കുന്ന കാലമാണു വരുന്നത്; പ്രത്യേകിച്ചും ബിഗ് സ്ക്രീൻ ടെലിവിഷൻ സെറ്റുകൾക്ക്. വൻകിട ടിവി നിർമാതാക്കളും വ്യാപാരികളും ലോക കപ്പ് വേളയിൽ ടിവി വിൽപനയിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നുണ്ട്. ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചു വിപണി ഉഷാറാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ ടെലിവിഷൻ വിൽപന നടക്കാറുള്ളതു ലോക കപ്പ് ഫുട്ബോൾ കാലങ്ങളിലാണ്. പ്രാദേശികമായി ഫുട്ബോൾ കിറ്റ് വിൽപനയും വർധിക്കാൻ സാധ്യതയേറെ.
ദക്ഷിണേന്ത്യയുടെ കോഴി മുട്ട സാമാജ്യമായ നാമക്കലിൽ നിന്നു ഖത്തറിലേക്ക് 5 കോടി മുട്ട കടൽ കടക്കുമ്പോൾ, കേരള ത്തിൽ നിന്നു ഖത്തർ ഉൾപ്പെടുന്ന ഗൾഫ് മേഖലയിലേക്കുള്ള പച്ചക്കറി, പഴ വർഗങ്ങളുടെ കയറ്റുമതിയും കുതിപ്പിലാണ്. പ്രതിമാസം വിമാനം കയറുന്നത് ഏകദേശം 6000 ടൺ പച്ചക്കറി പഴവർഗങ്ങളാണ്. ലോകകപ്പിനു മുന്നോടിയായി ഇവയുടെ കയറ്റുമതിയിൽ 10 ,15 % വർധനയുണ്ടായി. ഇനിയും ഇതു വർധിക്കുമെന്നാണു വിലയിരുത്തൽ. കേരളത്തിലെയും തമിഴ്നാട്ടിലെയും കാർഷിക വിപണികളിൽ നിന്നാണു കേരളത്തിലെ കയറ്റുമതിക്കാർ ഉൽപന്നങ്ങൾ സംഭരിക്കുന്നത്. 70 % തമിഴ്നാട്ടിലെ വൻകിട പച്ചക്കറി മാർക്കറ്റു കളിൽ നിന്നാണ്.
Leave a Reply