
പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ ഉയർച്ചകൾ നേടുന്ന കഥകളെക്കുറിച്ച് സിനിമകളിൽ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ സിനിമയെ വെല്ലുന്ന ഒരു വിജയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സക്സസ് എന്ന പുരുഷന്മാരുടെ വസ്ത്ര ബ്രാൻഡ് തമിഴ്നാട്ടിലെ വസ്ത്ര റീട്ടെയിൽ വിപണിയിൽ മുൻപന്തിയിൽ ആയ കഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വസ്ത്രം വാങ്ങുവാനായി ദീപാവലിയും ,ന്യൂ ഇയറും വരെ കാത്തിരുന്നു ഓഫറിൽ വാങ്ങിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ ഒരു ചായ കുടിക്കുന്ന പൈസക്ക് ഒരു ടീഷർട്ട് കിട്ടും എന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ.?
വിശ്വസിച്ചേ മതിയാവൂ. അണ്ണാ നഗറിൽ സക്സസിന്റെ പുതിയ ശാഖ തുറന്നപ്പോൾ കിലോമീറ്ററുകളോളം ആയിരുന്നു കടയിലേക്ക് കയറാനുള്ള ആളുകളുടെ ക്യൂ. 2006ൽ ഏഴു തയ്യൽ മെഷീനുകളും മൂന്നു തയ്യൽകാരുമായി മധുര ആസ്ഥാനമായി ആരംഭിച്ച ഒരു ചെറിയ സംരംഭമാണ് സക്സസ്. സി എം ഫൈസൽ അഹമ്മദ് ആരംഭിച്ച ഈ ചെറിയ സംരംഭം ആണ് ഇന്ന് 50 കോടി രൂപ ആസ്തിയുള്ള സക്സസ് എന്ന ബ്രാൻഡ് ആയി മാറിയിരിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന വില കുറവ് തന്നെയാണ് സക്സസിന്റെ വിജയം. വില കുറവാണ് എന്നു കരുതി നിലവാരം കുറഞ്ഞ വസ്ത്രങ്ങൾ അല്ല ഇവിടെ വിൽക്കുന്നത്.
വിലക്കുറവിലും ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ അഹ്മദ് തയ്യാറല്ല. ടീഷർട്ടുകൾ ട്രൗസറുകൾ ഷർട്ടുകൾ ഡെനിമുകൾ എന്നിങ്ങനെ 30 രൂപ മുതൽ 399 രൂപവരെ നിരക്കിൽ ഉള്ള വസ്ത്രങ്ങളാണ് സക്സസ് ശാഖയിൽ വിൽക്കുന്നത്. കോളേജിൽ പഠിക്കുന്നതിനിടയിലാണ് അഹ്മദ് ഒരു തയ്യൽ കട ആരംഭിച്ചത്. ഇത് ആരംഭിക്കുവാൻ ആയി അഹമ്മദ് ചെയ്ത നിക്ഷേപം അഞ്ച് ലക്ഷം രൂപയായിരുന്നു. തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരു മാന്ത്രികൻ ഒന്നുമായിരുന്നില്ല ഫൈസൽ. പരാജയങ്ങളിൽ നിന്നും ആയിരുന്നു തുടക്കം എന്നും അദ്ദേഹം വ്യക്തമാക്കി.
അങ്ങനെ ഒരുപാട് നാളുകൾക്ക് ശേഷമാണ് കുറഞ്ഞ വില എന്ന ഫോർമുല അഹ്മദ് കണ്ടെത്തുന്നത്. ഇതോടെ ബിസിനസ് പച്ചപിടിക്കാൻ തുടങ്ങി. രണ്ടു തലമുറകളായി തുണി കച്ചവടം നടത്തുന്ന കുടുംബത്തിൽ നിന്നുമാണ് അഹമ്മദ് വരുന്നത്. അച്ഛനുണ്ടാക്കിയ 65 ലക്ഷം രൂപയുടെ കടം വീട്ടാൻ ആയിരുന്നു പഠനകാലത്തു തന്നെ അഹമ്മദ് കച്ചവടത്തിലേക്ക് ഇറങ്ങിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അഹമ്മദിന്റെ കുടുംബ ബിസിനസ് തകർന്നടിഞ്ഞത്. ഇതോടെ സ്വന്തം വീട് വിട്ടു വാടകവീട്ടിലേക്ക് മാറേണ്ടി വന്നു അഹ്മദിന്.
കുടുംബസ്വത്ത് വിറ്റ് എല്ലാം കടം തീർത്തു. ഉപരി പഠനത്തിനായി വിദേശത്ത് പോകാൻ ഉള്ള അഹ്മദിന്റെ സ്വപ്നം അതോടെ ഇല്ലാതായി. അങ്ങനെ മധുരയിലെ കോളേജിൽ ബികോമിന് ചേരുകയായിരുന്നു. പതിനേഴാമത്തെ വയസ്സിൽ ഒന്നാം വർഷം കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു അച്ഛനോടൊപ്പം അഹമ്മദ് തമിഴ്നാട്ടിലെ ടെക്സ്റ്റൈൽസ് ഗ്രൂപ്പായ പോത്തീസ് ഡയറക്ടർ പോത്തി രാജനെ കാണാൻ എത്തിയത്. അഹമ്മദിനോടും അച്ഛനോടും ഷർട്ടുകൾ നിർമ്മിച്ച് പോത്തീസ് ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഈ ഉപദേശം ആണ് 5 ലക്ഷം രൂപ മുടക്കി തയ്യൽ കട തുടങ്ങുവാൻ അഹമ്മദിനെ പ്രേരിപ്പിച്ചത്.
കുടുംബസ്വത്ത് എന്ന് അവകാശപ്പെടാൻ ആകെ അവശേഷിച്ചിരുന്ന കാർ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റ് രണ്ട് ലക്ഷം രൂപ വായ്പയെടുത്താണ് അഹ്മദ് ആദ്യത്തെ ബിസിനസ് ആരംഭിക്കുന്നത്. മധുരയിലെ സൗത്ത് മാസി സ്ട്രീറ്റിൽ വാടകയ്ക്കെടുത്ത സ്ഥലത്ത് ആരംഭിച്ച സക്സസ് എന്ന ബ്രാൻഡ് പ്രതിദിനം 100 ഷർട്ടുകൾ നിർമിക്കുകയായിരുന്നു. ഒരു ഷർട്ടിന് 15 രൂപ ലാഭം ഇട്ട് 250 രൂപ നിരക്കിൽ പോത്തീസിന് ഷർട്ടുകൾ കൈമാറുകയായിരുന്നു. മാസം 20000 to 30000 രൂപ ലാഭമുണ്ടാക്കാൻ ആയി 2000 ഷർട്ട് ഉല്പാദിപ്പിക്കാൻ അഹ്മദ് തീരുമാനിക്കുകയായിരുന്നു. പിന്നീട് ചിലവുകൾ കുറച്ച് ലാഭം വർധിപ്പിക്കുന്ന തിരക്കിലായിരുന്നു.
അങ്ങനെ മാസ ലാഭം ഒരു ലക്ഷം എന്ന നിലയിലേക്ക് അഹ്മദ് വളർന്നു. ഇതോടെ കുടുംബത്തിന്റെ നഷ്ടമായ പ്രതാപവും സാമ്പത്തിക നിലയും എല്ലാം തിരിച്ചു പിടിച്ചു. 2011ൽ മധുരയിൽ ഒരു എക്‌സ്‌ക്ല്യൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റ് ആരംഭിച്ച അഹ്മദ് 2013 ആയപ്പോഴേക്കും ഔട്ട്‌ലെറ്റുകളുടെ എണ്ണം അഞ്ചാക്കി. എന്നാൽ സ്റ്റോറുകളിൽ നിന്ന് പ്രതീക്ഷിച്ച വിൽപ്പന ഉണ്ടായില്ല. അങ്ങനെ ബിസിനസ് വീണ്ടും നഷ്ടത്തിലേക്ക് നീങ്ങി തുടങ്ങുകയായിരുന്നു. ഔട്ട്‌ലെറ്റുകൾക്ക് വാടക പോലും നൽകാൻ സാധിക്കാതെ വന്നപ്പോൾ സ്റ്റോറുകൾ എല്ലാം അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി ഈറോഡ് ഔട്ട്ലെറ്റിൽ ഡിസ്കൗണ്ട് വിൽപ്പന പ്രഖ്യാപിച്ചു. ഒന്നെടുത്താൽ ഒന്നു ഫ്രീ, ആയിരം രൂപയ്ക്ക് ഏഴ് ഷർട്ടുകൾ എന്നീ ഓഫറുകളോടെ ആയിരുന്നു ഡിസ്കൗണ്ട് വിൽപ്പന. ഇതോടെ കാര്യങ്ങൾ എല്ലാം മാറി മറിയുകയായിരുന്നു. ആദ്യ ദിവസം തന്നെ 3.5 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ ആണ് വിറ്റഴിച്ചത്. ഉണ്ടായിരുന്ന സ്റ്റോക്ക് എല്ലാം ചൂടപ്പംപോലെ വിറ്റുപോയിരുന്നു. ഇതേ തന്ത്രം മറ്റ് ഔട്ട്‌ലെറ്റുകളിൽ പരീക്ഷിക്കാൻ തീരുമാനിച്ചതോടെ സാമ്പത്തികവർഷം അവസാനത്തോടെ മൊത്തം ഔട്ട്ലെറ്റുകളുടെ എണ്ണം 12 ആക്കാൻ അഹ്മദിന് സാധിച്ചു. 20 രൂപയുടെ ടീഷർട്ട് ആറുമാസം വരെ ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാമെന്നാണ് അഹ്മദ് വാഗ്ദാനം നൽകുന്നത്. അഹ്മദിന്റെ വിജയഗാഥ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
Leave a Reply