ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച പറവൂർ മുസിരിസ് ജലോത്സവത്തിൽ താണിയനും ഗോതുരുത്തും ജേതാക്കൾ.എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയൻ മലർവാടി ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്തുപുത്രനെ പരാജയപ്പെടുത്തി. സത്താർ ഐലൻഡ് ഗരുഡ ബോട്ട് ക്ലബ്ബിന്റെ മയിൽപ്പീലിയെ തോൽപ്പിച്ചാണു ബി ഗ്രേഡ് ഫൈനലിൽ ഗോതുരുത്ത് ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് ജയിച്ചത്. എ ഗ്രേഡ് രണ്ടാം സെമി ഫൈനലിൽ താണിയനും തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം വള്ളവും തമ്മിൽ നടന്ന മത്സരത്തിൽ ഒരു വള്ളത്തെ വിജയിയായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല.
പലതവണ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഇരു വള്ളങ്ങളും ഒപ്പത്തിനൊപ്പം ഫിനിഷിങ് ലൈൻ പിന്നിട്ടതായാണു കണ്ടത്. തുടർന്ന് ഇരു വള്ളങ്ങളുടെയും ക്യാപ്റ്റന്മാരുടെ സമ്മതത്തോടെ രണ്ടാമതു മത്സരം നടത്തിയപ്പോഴാണു താണിയൻ വിജയിച്ചു ഫൈനലിൽ പ്രവേശിച്ചത്. ഇക്കുറി നഗരത്തിൽ നടക്കുന്ന ഏക ജലോത്സവം എന്ന നിലയിൽ വള്ളംകളിയിൽ ഉടനീളം വീറും വാശിയും നിറഞ്ഞുനിന്നു. ജലമേള കാണാൻ ഒട്ടേറെ ജലോത്സവ പ്രേമികൾ തട്ടുകടവ് പുഴയുടെ ഇരുകരകളിലും തടിച്ചുകൂടി. ചെറിയപല്ലംതുരുത്ത് പ്രിയദർശിനി കലാസാംസ്കാരിക സമിതിയാണ് സംഘാടകർ.
ഹൈബി ഈഡൻ എംപി ജലോത്സവം ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എം.ജെ.രാജു അധ്യക്ഷനായി. ക്ലബ് രക്ഷാധികാരി അജിത് വടക്കേടത്ത് പതാക ഉയർത്തി. എസ്.ശർമ ഫ്ലാഗ്ഓഫ് ചെയ്തു. കെ.പി.ധനപാലൻ തുഴ കൈമാറി. നഗരസഭാധ്യക്ഷ വി.എ.പ്രഭാവതി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു. പൊൻകതിർ എംഡി പി.ആർ.ബിജോയ്, ചിറ്റാറ്റുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.അരൂഷ്, ക്ലബ് പ്രസിഡന്റ് പ്രിൻസൻ തോമസ്, സെക്രട്ടറി എം.ജി.ബാബു എന്നിവർ പ്രസംഗിച്ചു. ഇൻസ്പെക്ടർ ഷോജോ വർഗീസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
Leave a Reply