Jersey Design Studio Aluva

Cart

Your Cart is Empty

Back To Shop

തുരുമ്പെടുത്ത തയ്യൽമെഷീനുകളിൽ തുടക്കം

team sports angamaly
Spread the love

സ്പോർട്സ് വസ്ത്രങ്ങൾ, കോർപറേറ്റ് യൂണിഫോമുകൾ, ടീ ഷർട്ടുകൾ തുടങ്ങിയവ നിർമിച്ച് വിറ്റഴിക്കുന്നൊരു സംരംഭം. ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഡിപ്ലോമ
നേടിയ ജോസ് പോളിന്റെ സ്വപ്ന സഫലീകരണം കൂടിയാണിത്. തികച്ചും വ്യത്യസ്തമായ ഗാർമെന്റ് ബിസിനസ് കെട്ടിപ്പടുക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. കിറ്റെക്സ് ഉൾപ്പെടെ ഏതാനും കമ്പനികളിൽ ജോലി ചെയ്ത അനുഭവ പരിചയം മുതൽക്കൂട്ടായി എത്തിയതോടെ രണ്ടു പങ്കാളികളെ കൂടി സംഘടിപ്പിച്ച് സംരംഭകരംഗത്തേക്ക് ഇറങ്ങുകയായിരുന്നു.

തുരുമ്പിച്ച മെഷീനുകളിൽ തുടക്കം

പൂട്ടിക്കിടന്ന ഒരു തയ്യൽ യൂണിറ്റ് സൗകര്യമായി ലഭിച്ചു. കൂടെ കുറെ തുരുമ്പിച്ച തയ്യൽ മെഷീനുകളും ഏതാനും തൊഴിലാളികളും. ഏകദേശം 20 വർഷങ്ങൾക്കു മുൻപായിരുന്നു ഈ ഏറ്റെടുക്കൽ. അന്ന് സ്പോർട്സ് വസ്ത്രങ്ങൾ നാട്ടിൽ പ്രചാരം നേടിയിരുന്നില്ല. അഞ്ചോ – ആറോ തൊഴിലാളികളുമായി വാടകക്കെടുത്ത ആ സംരംഭത്തിലൂടെയായിരുന്നു തുടക്കം. ബനിയൻ ക്ലോത്തുകൾ കൊണ്ടുവന്ന് ഷോട്സും ടൗസേഴ്സസും നിർമിക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ പ്രാദേശികമായുള്ള ടെക്സ്റ്റൈൽ ഷോപ്പുകളെയാണ് വിൽപനയ്ക്കായി ആശ്രയിച്ചിരുന്നത്. പിന്നീട് കാലം മാറിയപ്പോൾ സ്പോർട്സ് വസ്ത്രങ്ങൾക്കായി പ്രത്യേകം ഷോപ്പുകൾ തന്നെ നാട്ടിൽ പലയിടത്തും പിറവിയെടുത്തു. മൊത്തവിതരണം തുടങ്ങി, സ്വന്തം നിലയിൽ ഷോപ്പുകൾ തുറന്നു. അതോടൊപ്പം കയറ്റുമതി സാധ്യതകളും ഉയർന്നുവന്നു. അങ്ങനെ സ്ഥാപനം വികസനവഴിയിൽ കുതിപ്പു തുടങ്ങി.

പ്രതിമാസ വിറ്റുവരവ് ഒരു കോടി വരെ

ഇപ്പോൾ ഈ സംരംഭത്തിനു കീഴിൽ രണ്ട് ഉൽപാദന കേന്ദ്രങ്ങൾ ഉണ്ട്. കറുകുറ്റി, തിരുപ്പൂർ എന്നിവിടങ്ങളിലാണിത്. എല്ലായിടത്തും പോർട്സ് വസ്ത്രങ്ങളും ടീ ഷർട്ടുകളും യൂണിഫോമുകളും ഒരു പോലെ ഉൽപാദിപ്പിക്കുന്നു. അഞ്ചോ ആറോ പേരുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് 100 ജോലിക്കാർ പണിയെടുക്കുന്നു. പഴയ തുരുമ്പിച്ച തയ്യൽമെഷീനുകളുടെ സ്ഥാനത്ത് ഒന്നേകാൽ കോടിയോളം രൂപയുടെ മെഷിനറികൾ. പ്രതിമാസ വിറ്റുവരവാകട്ടെ, 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ്.

ഓർഡർ പ്രകാരം വിൽപനകൾ

വിൽപനകൾ കൂടുതലും ഓർഡർ പ്രകാരമാണു നടക്കുന്നത്. സ്പോർട്സ് ഷോപ്പുകൾ, സ്കൂളുകൾ, ക്ലബ്ബുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നു സ്ഥിരമായ ഓർഡറുകൾ ലഭിക്കുന്നു . ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നു കോർപറേറ്റ് യൂണി ഫോമുകൾക്ക് ഓർഡർ ലഭിക്കും. കിടമത്സരം നില നിൽക്കുന്നുണ്ടെങ്കിലും വിപണനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറവാണെന്നാണ് ഇവരുടെ അഭിപ്രായം.

ഓർഡർ പ്രകാരം ബ്രാൻഡ് നെയിം പ്രിന്റ് ചെയ്തു നൽകാറുണ്ട്. അതുപോലെ ഡിസൈൻ ചെയ്യാൻ പ്രത്യേക ഡിസൈനർമാരെയും ഏർപ്പെടുത്തിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് തൃപ്തികരമായ റിസൾട്ടും ഉൽപന്നവും ലഭിക്കാൻ ഇതേറെ സഹായിക്കുന്നുണ്ട്. എത്ര വലിയ ഓർഡറും എടുക്കുവാനും കൃത്യസമയത്ത് ഡെലിവറി ചെയ്യാനുമുള്ള സംവിധാനവും ശേഷിയും സ്ഥാപനത്തിനുണ്ട്. ഉൽപന്നത്തിന്റെ ഗുണനിലവാരത്തിലും വിലയിലും ഒരുപോലെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ജോസ് പോൾ പറയുമ്പോൾ ബിസിനസ് പങ്കാളികളായ ജയൻ വർഗീസും റജി എം.പിയും അതു ശരിവയ്ക്കുകയാണ്.

പുതുസംരംഭകർക്കു മികച്ച അവസരം

പുതുസംരംഭകർക്കു മികച്ച അവസരമാണ് സ്പോർട്സ് വസ്ത്രനിർമാണരംഗത്തുള്ളത്. “വിപണിയിലെ സാധ്യതകൾ മനസ്സിലാക്കി സംരംഭത്തിലേക്കു കടന്നുവരാൻ കഴിയണം.” ജയൻ വർഗീസ് പറയുന്നു. ഒരു ലക്ഷം രൂപ മുടക്കി നാല് തയ്യൽ മെഷീനുകൾ സ്ഥാപിച്ചുകൊണ്ട് ഇത്തരം ബിസിനസുകൾ തുടങ്ങാനും അതിലൂടെ 5 പേർക്ക് തൊഴിൽ കണ്ടെത്താനുമാകും. മൂന്നു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം കിട്ടിയാൽ പോലും 50,000 രൂപയോളം അറ്റാദായം ഉറപ്പാക്കാം. യൂണിഫോം വസ്ത്രങ്ങളുടെ മേഖലയിലും വലിയ സാധ്യതകൾ നിലനിൽക്കുന്നു.

ഒന്നേകാൽ കോടിയുടെ മെഷിനറികൾ

തയ്യൽ മെഷീനുകൾ, ഓവർ ലോക്കുകൾ, ഫ്ലാറ്റ് ലോക്കുകൾ, സബ്ലിമേഷൻ (Sublimation) മെഷീൻ, കളർ കോഡിങ് മെഷീൻ, പ്രിന്റിങ് മെഷീൻ, ഫ്രസിങ് മെഷീനുകൾ, പേപ്പർ ട്രാൻസ്ഫർ മെഷീൻ തുടങ്ങിയ എല്ലാ ആധുനിക മെഷിനറികളും ഈ സംരംഭത്തിന്റെ ഭാഗമായുണ്ട്. അതിവേഗത്തിൽ ഉൽപാദനം നടത്തി പറഞ്ഞ സമയത്തു തന്നെ ഡെലിവറി നടത്താൻ ഇതു സഹായിക്കുന്നു. പോളിസ്റ്റർ ബനിയൻ തുണിത്തരങ്ങൾ, മൈക്രോ പോളിസ്റ്റർ ബനിയൻ തുണിത്തരങ്ങൾ എന്നിവ വാങ്ങുന്നത് ലുധിയാനയിലെ സ്വകാര്യമില്ലുകളിൽ നിന്നാണ്. മുൻകൂട്ടി ഓർഡർ ചെയ്താൽ ഇവ സുലഭമായി കിട്ടും. നൂലുകൾ വാങ്ങി നൽകി കളർ ഡൈയിങ് ചെയ്ത്, വാഷിങ്ങിനു ശേഷം തുണിയായി രൂപപ്പെടുത്തി എടുക്കുകയാണു ചെയ്യുന്നത്. സംരംഭത്തിനു വേണ്ടി കോട്ടൺ തുണിത്തരങ്ങൾ തിരുപ്പൂർ ബനിയൻ സിറ്റിയിൽനിന്നു വാങ്ങുന്നു. പാറ്റേണുകൾ കംപ്യൂട്ടറൈസ് ചെയ്ത് ഉറപ്പു വരുത്തുന്നതിനാൽ ഫിറ്റിങ് കൃത്യമായിരിക്കും. നന്നായി ഈടുനിൽക്കുന്നതും വലിച്ചിൽ സ്വഭാവം ഉള്ളതുമായ തുണികളാണ് നിർമാണത്തിന് ഉപയോഗിക്കുക.

ടെക്സ്റ്റെൽ ഫൈബർ

ടെക്സ്റ്റൈൽ ഫൈബർ ഉണ്ടാക്കുകയാണ് സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം. പ്ലാസ്റ്റിക് ബോട്ടിലുകൾ റീ സൈക്കിൾ ചെയ്ത് ടെക്സ്റ്റൈൽ ഫൈബർ ആക്കി പോർട്സ് വസ്ത്രങ്ങൾ നിർമിക്കുന്ന പ്ലാന്റ് തുടങ്ങുകയാണ് അടുത്ത പരിപാടി. ഇതിനായി തമിഴ്നാട്ടിൽ സ്ഥലം അന്വേഷിക്കുന്നുണ്ട്. ഒമാൻ, മസ്കറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും പരിപാടിയുണ്ട്. ആയതിന്റെ പ്രാരംഭപ്രവൃത്തികൾ പൂർത്തിയായി കഴിഞ്ഞു. 10 മുതൽ 15% വരെയേ ഇത്തരം ബിസിനസിൽനിന്ന് അറ്റാദായം ഉള്ളൂവെന്നാണ് ജോസ് പോൾ പറയുന്നതെങ്കിലും മികച്ച രീതിയിൽ ബിസിനസ് മുന്നോട്ടു കൊണ്ടുപോയാൽ ലാഭവും ആ രീതിയിൽ തന്നെ പ്രതീക്ഷിക്കാം.

2 thoughts on “തുരുമ്പെടുത്ത തയ്യൽമെഷീനുകളിൽ തുടക്കം

    1. Its a reasult of hard work & dedication, a big salute to Josesir, Rejisir & Jayan sir and our Teams.

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop