
താൽപര്യമുള്ള ആർക്കും ഉയർന്നു വരാവുന്ന രംഗമാണ് ഗാർമെൻറ്സ് ബിസിനസ്. യൂണിഫോമുകൾ തയ്ച്ചു നൽകി പ്രതിമാസം മികച്ച വരുമാനമുണ്ടാക്കുന്ന ദമ്പതികളെയും വിജയസംരംഭത്തെയും പരിചയപ്പെടുക
എന്താണു ബിസിനസ്
വിവിധവും വ്യത്യസ്തവുമായ ആവശ്യങ്ങൾക്കുള്ള യൂണിഫോമുകൾ തയ്ച്ചു നൽകുന്നു.
നാദിയയും ഭർത്താവ് ബോബിയും ചേർന്നു നടത്തുന്ന ലഘുസംരംഭമാണ് “നോയൽസ് യൂണിഫോംസ് ‘ . ഒരു തയ്യൽ സ്ഥാപനമാണിത് . ആലപ്പുഴ ടൗണിലെ സെന്റ് ആന്റണീസ് കത്തീഡലിന് എതിർവശത്തായി വാടക കെട്ടിടത്തിലാണ് പ്രവർത്തനം. സ്കൂൾ കോളജ് യൂണിഫോമുകൾ, ഹോസ്പിറ്റൽ യൂണിഫോമുകൾ, ലാബ് കോട്ടുകൾ. കവർ റോൾസ് (ഫുൾ ബോഡി കവർ ചെയ്യുന്ന സിംഗിൾ കോട്ട് ) വെഡ്ഡിങ് ഗൗണുകൾ കുർത്തകൾ, ആദ്യ കുർബാന വസ്ത്രങ്ങൾ, ഒപ്റ്റിക്കൽ ഷോപ്പ് യൂണിഫോമുകൾ, പുരുഷന്മാരുടെ വിവാഹ സ്യൂട്ടുകൾ. പാന്റ്സുകൾ, ഷർട്ടുകൾ എന്നിവയാണ് പ്രധാന ഇനങ്ങൾ . കൂടാതെ ഏതു തരം വസ്ത്രങ്ങളും തയ്ച്ച് കൊടുക്കുകയും ചെയ്യുന്നു. “ചാരുവേഷ ” എന്ന സ്ഥാപനമാണ് ആദ്യം തുടങ്ങുന്നത്. അതിന്റെ വിജയത്തിന്റെ അടുത്ത പടിയായാണ് നോയൽസ് ആരംഭിക്കുന്നത്. യൂണിഫോമുകൾ നൽകുന്നത് “ചാതുവേഷ’യുടെ ബ്രാൻഡിൽ തന്നെയാണ്.
എന്തുകൊണ്ട് ഇത്തരം സംരംഭം
ഭർത്താവ് ബോബിക്ക് കോട്ടൺ, ലിനൻ, വസ്ത്രങ്ങൾ വാങ്ങി പായ്ക്ക് ചെന്ന് കയറ്റി അയച്ചുള്ള പരിചയമാണ് ഈ രംഗത്തേക്ക് എത്തിച്ചത്. അതോടൊപ്പം വ്യത്യസ്തമായ ഒരു ഗാർമെൻറ് സ്ഥാപനം ആരംഭിക്കണമെന്ന് ആഗഹവുമുണ്ടായിരുന്നു . നല്ല വിപണി സാധ്യതയാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ പ്രേരണ നൽകിയ മറ്റൊരു ഘടകം .യൂണിഫോമുകൾ ഓർഡർ പിടിച്ചശേഷമാണ് തയ്ച്ചു നൽകുന്നത്. സ്കൂൾ/കോളജ്, സർക്കാർ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ തുടങ്ങിയ ഇടങ്ങളിൽ ഓർഡർ എടുക്കുന്നു . രണ്ടുപേരു ഒരുമിച്ചുപോയി ഓർഡർ ക്യാൻവാസ് ചെയ്യുകയാണ് പതിവ്. കൂട്ടായി പോകുന്നത് ഏറെ ഗുണം ചെയ്ത അനുഭവമാണ് ഇവർക്കുള്ളത്. ലോഗോ എംബോസ് ചെയ്ത് പ്രിന്റ് ചെയ്യാനുള്ള സൗകര്യം പല ഗാർമെന് സ്ഥാപനങ്ങളിലും ഇല്ല. ഇവിടെ അതുള്ളതിനാൽ ഹോട്ടലുകൾ റിസോർട്ടുകൾ എന്നിവിടങ്ങളിൽനിന്നു വരെ നേരിട്ട് ഓർഡർ ലഭിക്കുന്നു. ബിസിനസ്സിൽ പണം കിട്ടാൻ പ്രയാസം നേരിടേണ്ടി വന്നിട്ടില്ല. അഡ്വാൻസ് വാങ്ങാറുണ്ട്.
വിവാഹവസ്ത്രങ്ങൾ കൂടുതൽ ലാഭം
ഒരു കുട്ടിക്ക് മൂന്നു ജോടി യൂണിഫോമുകൾ എന്ന നിലയിൽ 2000 കുട്ടികൾ പഠിക്കുന്ന രണ്ടു സ്കൂളുകൾ കിട്ടിയാൽ 12,000 ജോടി യൂണിഫോമുകളുടെ ജോലിയാണ് ലഭിക്കുന്നത്.
കുറഞ്ഞത് മൂന്നു മാസം വേണ്ടിവരും ഇതു ചെയ്തു തീർക്കാൻ നിലവിൽ അതിൽ കൂടുതൽ ഏറ്റെടുക്കാൻ ശേഷിയില്ല. സ്കൂൾ, കോളജ് യൂണിഫോമുകൾ (ജോടി) 500-750 – രൂപ, ഹോസ്പിറ്റൽ 500-800 ഉം. വിവാഹ ഗൗൺ – 12,000-20,00, കവർ റോൾ 1000 രൂപ, സ്യുട് 2,000-15,000 രൂപ എന്നിങ്ങനെയാണ് ശരാശരി ഈടാക്കുന്ന നിരക്കുകൾ .
വിജയരഹസ്യങ്ങൾ
1 . ഫാഷൻ ഡിസൈനർ ഉൾപ്പെടെയുള്ള സ്കിൽഡ് വർക്കേഴ്സ്.
2 . ബ്രാൻഡഡ് ക്ലോത്തുകൾ മാത്രം ഉപയോഗിക്കുന്നു.
3 . ലോഗോകൾ നന്നായി പിൻറ് ചെയ്യാനുള്ള സൗകര്യം
4 . തുണി തിരഞ്ഞെടുക്കുന്നതും വാങ്ങുന്നതും തൈക്കുന്നതും ചെയ്യുന്നതും എല്ലാം നേരിട്ടാണ്.
5 . ജോലിയിൽ പെർഫക്ട് ഫിനിഷിങ് ഉണ്ടായിരിക്കു കൃത്യസമയത്തു തന്നെ ഡെലിവറി ചെയ്യും.
6 . സാധിക്കാത്തവ ഏറ്റെടുക്കില്ല
60 ദിവസം വരെ ക്രെഡിറ്റ്
മുംബൈ , കൊൽക്കത്ത എന്നിവിടങ്ങളിൽ പോയി ഓർഡർ നൽകുന്നു . കേരളത്തിലെ സ്റ്റോക്കിസ്റ്റുകളാണ് എല്ലാ മാസവും കൃത്യമായി എത്തിച്ചു തരുന്നത്. ചില വെറൈറ്റികൾ ലഭിക്കാൻ കാലതാമസം ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ കമ്പനികൾക്ക് ഓർഡർ നൽകി കാത്തിരിക്കും . ഡെലിവെറിക്ക് 45 ദിവസം വരെ സമയമെടുക്കും . ഫോണിലൂടെ വിളിച്ചു പറഞ്ഞാൽ മെറ്റീരിയൽ എത്തിച്ചു തരുന്നവരുണ്ട്. വാങ്ങലുകൾക്ക് 60 ദിവസം വരെ ക്രെഡിറ്റ് കിട്ടുന്നത് സൗകര്യമാണ്.
10 ലക്ഷം രൂപയുടെ നിക്ഷേപം
അര ലക്ഷം രൂപയുടെ ലോഗോ എംബ്രോയിഡറി മെഷീൻ . 10 അഡ്വാൻസ് സ്റ്റിച്ചിങ് മെഷീനുകൾ എന്നിവ ഉൾപ്പെടെ 10 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപമാണ് സ്ഥാപനത്തിൽ ഉള്ളത്. പി എം ഈ ജി പദ്ധതി പ്രകാരം 4.5 ലക്ഷം രൂപ വായ്പ എടുത്തു. അതിനുശേഷം പലപ്പോഴായാണ് കൂടുതൽ മെഷീനുകൾ വാങ്ങിയത്. മൂന്നു വർഷം മുൻപ് അഞ്ച് തൊഴിലാളികളുമായാണ് തുടങ്ങുന്നത് . ഇപ്പോൾ 16 തൊഴിലാളികൾ ജോലിയെടുക്കുന്നു. മകനും സ്കൂൾ വിദ്യാർഥിയുമായ നോയൽ എംബ്രോയിഡറി ജോലികളിൽ സഹായിക്കാനുണ്ട്. സ്ത്രീകൾ തന്നെയാണ് സ്ഥാപനത്തിലെ തൊഴിലാളികൾ എല്ലാം . പലപ്പോഴും വിദഗ്ധ തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് . ശരാശരി 5 ലക്ഷം രൂപയുടെ കച്ചവടമാണ് ഇപ്പോൾ പ്രതിമാസം നടക്കുന്നത് . സ്കൂൾ സീസണുകളിൽ ഇതു വർധിക്കും. ഏതാണ്ട് 25 % വരെ അറ്റാദായം പ്രതീക്ഷിക്കാം . അതനുസരിച്ചു പ്രതിമാസം 125000 രൂപയോളം വരുമാനം ലഭിക്കുന്നു . 40 മെഷീനുകളോട് കൂടി 30 ലക്ഷം രൂപ ചെലവിൽ പുതിയൊരു യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ട്.
പുതുസംരംഭകർക്ക്
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഗാർമെൻറ്സ് സ്ഥാപനം എക്കാലത്തും ആരംഭിക്കാവുന്ന ഒരു ബിസിനസാണ്. വ്യത്യസ്തമായ ഉൽപന്നങ്ങളുമായി വിപണിയിലെത്താൻ ശ്രമിക്കണം . ഡിസൈനും സ്റ്റിച്ചിങ്ങും ഒരു പോലെ പ്രധാനമാണ്. അഞ്ചുലക്ഷം രൂപ കൊണ്ട് നല്ലൊരു യൂണിറ്റ് തുടങ്ങാം . എട്ടു പേരെ ജോലിക്കാരായി കണ്ടെത്തണം . പ്രതിമാസം നാലു ലക്ഷം രൂപയുടെ വിറ്റുവരവ് പ്രതിക്ഷിച്ചാൽ പോലും പ്രതിമാസം ഒരു ലക്ഷം രൂപ അറ്റാദായം കിട്ടും. തയ്യലും തുണിയുമായി ബന്ധപ്പെട്ടു അറിവുള്ളവർക്ക് വളരെ നന്നായി ശോഭിക്കാൻ കഴിയും .
Leave a Reply