
5 വർഷം മുൻപ് ഇന്ത്യയിൽ നടന്ന അണ്ടർ–17 പുരുഷ ലോകകപ്പിൽ കളിച്ച കൗമാരക്കാർ പലരും ഇന്നു ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളാണ്; ഇംഗ്ലണ്ട് താരങ്ങളായ ജെയ്ഡൻ സാഞ്ചോ, ഫിൽ ഫോഡൻ, സ്പെയിൻ താരം ഫെറാൻ ടോറസ്, അമേരിക്കൻ താരം തിമോത്തി വിയ..ആ നിരയങ്ങനെ നീളുന്നു. അണ്ടർ–17 വനിതാ ലോകകപ്പിന് ഇന്ന് ഉദ്ഘാടന വിസിൽ മുഴങ്ങുമ്പോൾ ഫുട്ബോൾ ലോകം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നതിനു കാരണം ഇതു തന്നെ. വരുംകാല മാർത്തയോ മേഗൻ റപീനോയോ ഈ കളിക്കൂട്ടത്തിലുണ്ടാകില്ലേ..!ഉദ്ഘാടന ദിവസമായ ഇന്നു 4 മത്സരങ്ങളുണ്ട്. അതിൽ ഇന്ത്യയുടെ കളി കരുത്തരായ യുഎസിനെതിരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ. രാത്രി എട്ടിനു കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ഇന്ത്യയൊന്നാകെ പറയും: ഓൾ ദ് ബെസ്റ്റ്, ഗേൾസ്!
ബ്രസീൽ, മൊറോക്കോ എന്നിവർ കൂടി ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യ. ആതിഥേയരെന്ന നിലയിൽ നേരിട്ടു യോഗ്യത നേടിയതിനാൽ ഇറ്റലി, നോർവേ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശപര്യടനങ്ങളിലൂടെയാണ് ഇന്ത്യ മത്സരപരിചയം നേടിയത്. ഇന്ത്യയെപ്പോലെ മൊറോക്കോയും ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. കരുത്തരായ യുഎസിനെതിരെ ഇന്ന് സമനില നേടിയാൽ പോലും ഇന്ത്യയ്ക്കു വലിയ നേട്ടമാകും. നാലു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലേക്കു യോഗ്യത നേടുക.
ഈ വർഷം അണ്ടർ–18 വനിതാ സാഫ് ചാംപ്യൻഷിപ്പ് ജയിച്ചവരാണ് ഇന്ത്യൻ ടീമിലേറെയും. സാഫിൽ ടോപ് സ്കോററായ ലിൻഡ കോം തന്നെയാണ് ലോകകപ്പിലും ഇന്ത്യയുടെ ഗോളടി പ്രതീക്ഷ. അനിത കുമാരി, നിതു ലിൻഡ എന്നിവർ വിങ്ങർമാർ. ഷിൽകി ദേവി മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കും. കോൺകകാഫ് ചാംപ്യൻഷിപ് ജയിച്ചാണ് യുഎസ് ലോകകപ്പിനു യോഗ്യത നേടിയത്. അവിടെ 7 മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് യുഎസ് വഴങ്ങിയത്. അടിച്ചത് 58 ഗോളുകൾ!
കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യം: ഉത്തര കൊറിയ– 2 വട്ടം. സ്പെയിനാണ് നിലവിലെ ചാംപ്യൻമാർ.
ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന രാജ്യങ്ങൾ: ഇന്ത്യ, മൊറോക്കോ, താൻസാനിയ
ഏഴാം പതിപ്പ്: അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഏഴാം പതിപ്പാണിത്. 2008ൽ ന്യൂസീലൻഡിലാണ് ആദ്യ ലോകകപ്പ് നടന്നത്.
ഇവർ നമ്മുടെ താരങ്ങൾ
ഗോൾകീപ്പർമാർ: മൊനാലിഷ ദേവി മൊയ്‌രംഗ്തെം, മെലഡി ചാനു കെയ്ഷാം, അഞ്ജലി മുണ്ട
ഡിഫൻഡർമാർ: അസ്താം ഒറാവോൺ (ക്യാപ്റ്റൻ), കാജൽ, നകിത, പൂർണിമ കുമാരി, വർഷിക, ഷിൽകി ദേവി, ഹേമം.
മിഡ്ഫീൽഡർമാർ: ബബിന ദേവി ലിഷാം, നിതു ലിൻഡ, ഷെയ്‌ൽജ, ശുഭംഗി സിങ്.
ഫോർവേഡുകൾ: അനിത കുമാരി, ലിൻഡ കോം സെർതോ, നേഹ, റെജിയ ദേവി ലെയ്ഷ്‌റാം, ഷെയ്‌ല ദേവി ലോക്തോംഗാബാം, കാജൽ ഹ്യൂബർട്ട് ഡിസൂസ, ലാവണ്യ ഉപാധ്യായ്, സുധ അങ്കിത ടിർക്കി.

ഇന്നത്തെ മത്സരങ്ങൾ
വൈകിട്ട് 4.30:
ചിലെ–ന്യൂസീലൻഡ്
മൊറോക്കോ–ബ്രസീൽ
രാത്രി 8.00
ജർമനി–നൈജീരിയ
ഇന്ത്യ–യുഎസ്എ
ഇന്ത്യയുടെ മത്സരങ്ങൾ
ഇന്ന്: Vs യുഎസ്എ
14: Vs മൊറോക്കോ
17: Vs ബ്രസീൽ
ലോകകപ്പ് ഗ്രൂപ്പുകൾ
എ: ബ്രസീൽ, ഇന്ത്യ, മൊറോക്കോ, യുഎസ്എ
ബി: ചിലെ, ജർമനി, ന്യൂസീലൻഡ്, നൈജീരിയ
സി: ചൈന, കൊളംബിയ, മെക്സിക്കോ, സ്പെയിൻ
ഡി: കാനഡ, ഫ്രാൻസ്, ജപ്പാൻ, താൻസാനിയ
ടൂർണമെന്റ് വേദികൾ
കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ
ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, മഡ്ഗാവ്
ഡി.വൈ.പാട്ടീൽ സ്റ്റേഡിയം, നവി മുംബൈ
Leave a Reply