Jersey Design Studio Aluva

Cart

Your Cart is Empty

Back To Shop

കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം

kerala blasters vs east bengal live streaming
Spread the love
          പോരാട്ട വീര്യം പ്രകടിപ്പിക്കുന്ന ഉക്രൈന്‍ യോദ്ധാക്കളുടെ പ്രതീകമായി മാറിയ ഉക്രൈന്‍ കളിക്കാരന്‍ ഇവാന്റെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ് ബംഗാളിനെതിരെ 3-1 വിജയം.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ 72ാം മിനിറ്റില്‍ ഖബ്രയുടെ ലോങ്ങ് ബോളില്‍ നിന്നും അഡ്രിയാന്‍ ലൂണയാണ് ആദ്യം വല കുലുക്കിയത് . ഗോളിനു ശേഷം ആര്‍ത്തിരുമ്പുന്ന കലൂര്‍ സ്റ്റേഡിയത്തില്‍ തന്‍റെ കൈയ്യില്‍ പച്ചകുത്തിയട്ടുള്ള മകള്‍ ജൂലിയേറ്റയുടെ ചിത്രത്തിനു നേരെ വിരല്‍ ചൂണ്ടി വിതുമ്പി കരഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പാണ് ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗബാധിതയായി മരിച്ചത്. സീസണിലെ ആദ്യ മത്സരത്തിലെ ഗോള്‍ സമ്മര്‍പ്പിച്ചത് ജൂലിയേറ്റക്കായിരുന്നു.കൂടാതെ ഈ വിജയം ജൂലിയേറ്റക്കും പാട്രിക്കിനും ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് ക്യാപ്റ്റന്‍ ജെസല്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ അസിസ്റ്റന്‍റ് കോച്ചായിരുന്നു പാട്രിക്ക്. 55ാം വയസ്സില്‍ നിര്യാതനായിരുന്നു. അടിയന്തര ആവശ്യങ്ങള്‍ കാരണം പാട്രിക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ക്യാംപ് വിട്ടിരുന്നു.
         ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു കൊണ്ട് ഐഎസ്എല്‍ ഒന്‍പതാം സീസണിന് കൊടിയേറി. ഉല്‍ഘാടന മത്സരത്തില്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെ 3-1ന് തകര്‍ത്ത് ആദ്യ ജയം നേടി. അവസാന 15 മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുഷ്‌നിയുടെ ഇരട്ട ഗോളുകളാണ് കേരളത്തെ വിജയ തീരത്തില്‍ അടുപ്പിച്ചത്. കാണികള്‍ തിങ്ങിനിറഞ്ഞ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ പകുതി തന്നെ ബ്ലാസ്റ്റേഴ്സ് സ്വതസിദ്ധമായ ഹൈ പ്രസ്സ് ഗെയിം ശൈലിയില്‍ കളം നിറഞ്ഞു. 
         ഒരിടവേളക്ക് ശേഷം മഞ്ഞക്കുപ്പായം അണിഞ്ഞ കേരള ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നയിറോ ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. ഡിമിത്രിയോസ്, ജിയാനു സഖ്യം മുന്നേറ്റ നിരയിലും അവര്‍ക്ക് താങ്ങായി ലൂണയും സഹലും പൂട്ടിയയും മിഡ്ഫീല്‍ഡിലും ഇറങ്ങിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന് പിടിപ്പത് പണിയായി. പ്രതിരോധത്തിലെ വിശ്വസ്ഥന്‍ ലെസ്‌കോവിച്ചും, ഹോര്‍മിപാമും പതിവ് ശൈലിയില്‍ തന്നെയാണ് ആദ്യ പകുതിയെ നേരിട്ടത്. മറുഭാഗത്ത് അലക്‌സ് ലിമയെ പോലുള്ള പരിചയ സമ്പന്നര്‍ ഒരുപിടി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന് കേരള പ്രതിരോധത്തെ ഭേദിക്കാനായില്ല. 

രണ്ടാം പകുതിയില്‍ 72ആം മിനിറ്റിലാണ് കേരളം ആഗ്രഹിച്ച ഗോള്‍ പിറന്നത്. ഹര്‍മന്‍ജ്യോത് ഖബ്രയുടെ മനോഹരമായ ലോങ് പാസ് പിടിച്ചെടുത്ത് മിഡ്ഫീല്‍ഡ് മജീഷ്യന്‍ അഡ്രിയാന്‍ ലൂണ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ കലൂരിലെ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ആര്‍ത്തിരമ്പുകയായിരുന്നു. ലൂണയുടെ ഫിനിഷിനോളം പോന്ന ഖബ്രയുടെ പാസും ആരാധകര്‍ ഏറ്റെടുക്കുമെന്ന് ഇതോടെ ഉറപ്പായി. ഒന്നാം ഗോളിന്റെ ആവേശം അടങ്ങും മുന്നേ സൂപ്പര്‍ സബ്ബായി കളത്തില്‍ ഇറങ്ങിയ ഇവാന്‍ കലിയുഷ്‌നി 82ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ മത്സരം പൂര്‍ണമായും കേരളത്തിന്റെ വരുതിയിലായി.


പിന്നീട് 89ആം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒപ്പം പിടിക്കാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ തന്നെ മഞ്ഞകുപ്പായത്തിലെ തന്റെ രണ്ടാം ഗോളുകൂടി നേടി ഇവാന്‍ പട്ടിക പൂര്‍ത്തിയാക്കി. ഒടുവില്‍ മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്‌ളാസ്റ്റേഴ്‌സിന് ജയം. കലൂരില്‍ തിങ്ങി നിറഞ്ഞ നാല്‍പതിനായിരത്തില്‍ അധികം വരുന്ന ആരാധകര്‍ക്ക് അര്‍ഹിച്ച പാരിതോഷികം പോലെ വിജയവും മൂന്ന് പോയിന്റും നല്‍കിയ ഇവാന്‍ വുകമനോവിച്ചും കുട്ടികളും ഐഎസ്എല്ലിലെ മറ്റ് ടീമുകള്‍ക്ക് വലിയ തലവേദനയാകുമെന്ന് ഉറപ്പായി കഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ വിരുന്നെത്തിയ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്നത്തെ മത്സരം നല്ലൊരു തുടക്കവുമായി.

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop